Wednesday, January 29, 2014

വീണ്ടും മടങ്ങിയെത്തുന്നു.....



ശരിയാണ്.... ഇതൊരു മടങ്ങി വരവ് തന്നെയാണ്... അതിനു ദൂരേക്കൊന്നും പോയില്ലല്ലോ എന്നതാണ് ചോദ്യം എങ്കില്‍ ഉത്തരം ഇല്ല. പക്ഷെ ഞാന്‍ പലതും ഉപേക്ഷിച്ചു പോയിരുന്നു. എന്‍റെ ആത്മാവിനെ , ആത്മാവിന്റെ ആഗ്രഹങ്ങളെ., അങ്ങനെ പലതും....
 
നേടാന്‍ പലതും ഉണ്ടായിരുന്നു., പക്ഷെ നേടിക്കൊണ്ട് ചെല്ലാന്‍ എനിക്ക് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് വലിയ ഒരു തിരിച്ചറിവ് ആയിരുന്നു..

ആത്മാവില്‍ കുഴിച്ചു മൂടിയ യാഥാര്‍ത്ഥ്യത്തെ പുറത്തേക്കു വലിച്ചിട്ട് , ആ കുഴിയില്‍ സ്വപ്നങ്ങളെ ഇറക്കി വെച്ച് മണ്ണിട്ട് മൂടി ഞാന്‍ തിരിച്ചു വന്നിരിക്കുന്നു....

ആളൊഴിഞ്ഞ അമ്പലപറമ്പിലെ തോരണങ്ങള്‍ക്ക് നടുവിലേക്ക് അല്ല.. വിജനമായി , ഇടയ്ക്ക് ചാറ്റല്‍ മഴകള്‍ മാത്രം പെയ്തിരുന്ന , മഴകളെ അതിരറ്റു സ്നേഹിക്കുന്നവര്‍ മഴ തീര്‍ത്ത ചെറിയ ചാലുകളില്‍ കൈ കഴുകാന്‍ വന്നിരുന്ന ആ പഴയ കാടു പിടിച്ചു കിടക്കുന്ന , തറ മാത്രം കെട്ടിയ പണി തീരാ വീടിന്‍റെ പുല്ലു നിറഞ്ഞ മുറ്റത്തേക്ക്....

മടക്കം എവിടെക്കാണെങ്കിലും മടക്കം തന്നെയാണ്...ഇതും ഒരു മടക്കം തന്നെയാണ്.. മടങ്ങി വരവ് വീടിന്‍റെ പണി തീര്‍ത്തു പാലുകാച്ചി താമസം തുടങ്ങാന്‍ തന്നെയാണ്.. ഏതൊരാളെയും പോലെ തന്നെ..


വഴിയരികില്‍ എവിടേയോ പെയ്യുന്ന മഴയുടെ കുളിര് കൊണ്ട് ഉറങ്ങുന്നതിലും നല്ലത് പണിതീര്‍ക്കാന്‍ കഴിയാത്ത പുരയുടെ തറയില്‍ നക്ഷത്രങ്ങളെ നോക്കി , എന്നെങ്കിലും അവയെ മറച്ചു കൊണ്ട് ഉയര്‍ന്നു വരാന്‍ പോകുന്ന വീടിന്‍റെ മേല്‍ക്കൂരയെ സ്വപ്നം കണ്ടു ഉറങ്ങുന്നത് തന്നെയാണ് എന്ന തിരിച്ചറിവ് സ്വരുക്കൂട്ടിയ മടങ്ങി വരവാണിത്...


ചെറിയ ചില കാര്‍മേഘങ്ങള്‍ ആകാശത്തില്‍ തെന്നി നീങ്ങുന്നുണ്ട്... സൂര്യനെ മറയ്ക്കാനോ സൂര്യന്‍റെ ചൂടിനെ കുറയ്ക്കാനോ  സാധിക്കാത്തവ.. ആരെയും നനയ്ക്കാന്‍ അല്ലെങ്കിലും സ്വയം പെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവ.. പെയ്തോഴിയേണ്ടവ...

നീരുറവകള്‍ വറ്റി പോയിരിക്കുന്നു.. മുള്ള് വേലികള്‍ കടന്നു ആളുകള്‍ വരാതായിരിക്കുന്നു.. നാട്ടിക ചിതല്‍ തിന്നിരിക്കുന്നു... ആരൊക്കയോ വലിച്ചെറിഞ്ഞ മദ്യകുപ്പികളും ഉപയോഗം കഴിഞ്ഞ ഗര്‍ഭനിരോധന ഉറകളും മാത്രം പറമ്പില്‍ അഥിതികള്‍ ആയി ഉണ്ട്..

നീണ്ട അലഞ്ഞു തിരിയലുകള്‍ക്കൊടുക്കം വഴിയറിയാതെ അന്തിച്ചു നിന്ന് ഒടുവില്‍ കയറി ചെന്നതും ഒരു മടക്കം തന്നെയാണ്.. അല്ലെങ്കിലും ആരാണ് തീരുമാനിച്ചുറപ്പിച്ചു ഒരു മടക്കയാത്ര നടത്തിയവര്‍..

നീണ്ട യാത്രയ്ക്കിടെ വാങ്ങി കൂട്ടിയ ചില ചവറുകള്‍ ഭാണ്ഡത്തില്‍ കലപില ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു.. ഉപകാരമില്ലാതവ പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്തത് പോലുണ്ട്.. കഷ്ട്ടം....

എന്തൊക്കെ ആയാലും അനന്തമില്ലാത്ത ലോകത്തിനു മുന്നില്‍ എത്ര നിസ്സാരന്‍ ആയാലും ഞാനും നടത്തിയത് ഒരു മടങ്ങി വരവ് തന്നയല്ലേ.. പലതും ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.. പലരെയും ക്ഷണിക്കാന്‍ ഉണ്ട്.. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ.. ചുവന്ന കണ്ണന്‍ ചെമ്പോത്തിനെ.. ചവെലാച്ചിക്കിളികളെ .. ഓലതുമ്പത്ത് ഒലെഞാലികളെ.. കാക്കകളെ ഇത്തവണ ക്ഷണിക്കുന്നില്ല..  പിന്നെ പൂച്ചകളെ.. മുള്ളന്‍ പന്നിയെ.. പൂമ്പാറ്റകളെ..അങ്ങനെ പലരെയും..