കൊഴുത്ത ശരീരത്തിലെ ചോരയുടെ മണം ആസ്വദിച്ചു കൊണ്ട് ശരീരം ലാക്കാക്കി കൊതുക് കുതിച്ചു.
"കിട്ടിയെടാ നിന്നെ"
ഒരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ അതിനെ പിടികൂടി.
അതിന്‍റെ കൈകാലുകള്‍ ബന്ധനത്തിലാക്കി അയാള്‍ ഉപദേശം തുടങ്ങി.
ആയതിനാല്‍ അദ്ദേഹം ഉപദേശി എന്ന് വിളിക്കപ്പെടും.
ചെവി പോതാന്‍ വയ്യാതെ കൊതുകിനു സകലതും കേട്ടു നില്‍ക്കേണ്ടി വന്നു.അയാള്‍ തുടങ്ങി.
"എന്ത് ദ്രോഹമാണ് നീയീ കാണിക്കാന്‍ തുനിഞ്ഞത് ..?
മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊടുംപാപമാണെന്ന് നിനക്കറിയില്ലേ..?
ഇങ്ങനെ ചെയ്യുന്ന പാപങ്ങള്‍ കൊണ്ടുള്ള ഉമിതീയില്‍ നീ നീറി നീറി
പുകയേണ്ടി വരും . നിന്നെ സൃഷ്ടിച്ചവന്‍ നിനക്ക് മാപ്പ് നല്‍കുകയില്ല . എല്ലാം
അറിയുന്ന പിതാവില്‍ നിന്നും നിനക്ക് യാതൊന്നും ഒളിക്കാന്‍ കഴിയുകയില്ല."
ഉപദേശം നീണ്ടു പോയി.... കൊതുകിന്‍റെ കൈകാലുകളിലെ ചങ്ങല ആ
ഉപദേശങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ അതിനെ നിര്‍ബന്ധിതനാക്കി...
ഉപദേശങ്ങള്‍ കൊതുകിലേക്ക് ആഴ്ന്നിറങ്ങി... കൊതുകില്‍ മാനസാന്തരം
സംഭവിച്ചു തുടങ്ങി. താന്‍ ചെയ്ത തെറ്റുകള്‍ ഓര്‍ത്തു അത് പശ്ചാത്തപിച്ചു
കരയാന്‍ തുടങ്ങി.
ഇനി മുതല്‍ ഒരാളെയും ഉപദ്രവിക്കില്ല എന്നും ചോര കുടിക്കില്ല എന്നും
ഉപദേശിക്കു മുന്നിലും അയാള്‍ക്കു പിന്നിലെ വാ മൂടിക്കെട്ടിയ പിതാവിന്‍റെ
വലിയ പ്രതിമയ്ക്കു മുന്നിലും സത്യം ചെയ്തു കൊതുക് നടന്നു നീങ്ങി.
വഴിയില്‍ കൊതുക് ധാരാളം ശരീരങ്ങള്‍ കണ്ടു. ചോരയുടെ രുചികരമായ
മണം അതിന്‍റെ മൂക്കില്‍ തുളഞ്ഞു കയറി. പക്ഷെ കൊതുകിന്‍റെ
മനസ്സിളകിയില്ല. അതിനു നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അത്
താന്‍ ചെയ്ത ശപഥത്തില്‍ നിന്നും പിന്തിരിഞ്ഞില്ല.
ഏതാനും ദിവസം മാത്രം ആയുസ്സനുവധിക്കപ്പെട്ട ആ ജീവി തനിക്ക് കിട്ടിയ
ആ ആനുകൂല്യം തീരുന്നതിനു മുമ്പ് ചത്തു വീണു ; വിശന്നു വലഞ്ഞു...
കൊതുകിന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ തെമ്മാടിക്കുഴിയില്‍
അവസാനിപ്പിച്ചു ഉപദേശി കാല്‍ കഴുകി, കൈ കഴുകി, മുഖം തുടച്ചു തീന്‍
മേശയ്ക്കരികില്‍ വന്നിരുന്നു.
അയാള്‍ അകത്തേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു.
" ഒരു ആട്ടിന്‍ സൂപ്പ് "
അകത്തു ഒരു ആടിന്‍റെ ദീനരോദനം പ്രാര്‍ത്ഥന സൂക്തങ്ങളില്‍
അലിഞ്ഞില്ലാതായി.
ഉപദേശിക്കു പിന്നില്‍ വാ മൂടിക്കെട്ടിയവന്‍റെ പ്രതിമ ആകാശം മുട്ടെ
വളര്‍ന്നു അനുഗ്രഹം ചൊരിഞ്ഞു നില്‍പ്പുണ്ടായിരുന്നു.