Saturday, June 13, 2015

മലര്‍ ഒരു പേരും കള്ളിയായിരുന്നോ....??????


     
ദയവായി പ്രേമം സിനിമ കണ്ടവർ മാത്രം ഇത് വായിക്കുക.പ്ലീസ്.... പ്ലീസ്. _/\_

ഇത് വായിച്ചു കഴിഞ്ഞ് ആ സിനിമ കണ്ടിട്ട് കാര്യമില്ല. സിനിമ കാണാതെ ഇത് വായിച്ചിട്ടും കാര്യമില്ല...

സിനിമ അത്രയ്ക്ക് നല്ലതാണ് തീർച്ചയായും തിയ്യേറ്ററിൽ പോയിത്തന്നെകാണുക.....
(ഈ കഥയിലെ മുഴുവൻ സംഭാഷണങ്ങളും മലയാളത്തിൽ ആണ് എഴുതിയിരിക്കുന്നത്.... അണ്ണൻമാരുടെ തല്ല് അത്രയക്ക് സുഖം ഒന്നും അല്ല എന്നാണ് മുൻ പരിചയമുള്ളവരിൽ നിന്നും വ്യക്തമാവുന്നത്..
കൂടാതെ മലരിൻ്റെ കസിൻ്റെ പേര് അരുവാൾ എന്നോ കൊടുവാൾ എന്നോ മറ്റോ ആണ്... മലർ അവനെ സ്നേഹത്തോടെ അരുവി എന്നാണ് വിളിക്കുന്നത്.. താഴെ കഥയിൽ പറയുന്ന അരുവി എന്ന് പറയുന്നവനും കസിനും ഒരാൾ തന്നെയാണ് )
*********************************************************************


        ജീപ്പിൻ്റെ side View mirror ൽ ദൂരേക്ക് മാഞ്ഞ് പോകുന്ന ജോർജ്ജ്. ജീപ്പ് വളരെ ദൂരം പിന്നിട്ടിട്ടും അവൾ കണ്ണാടിയിൽ തന്നെ നോക്കി നിന്നു. മലർ സീറ്റിൽ ചാരിയിരുന്നു. മനസ്സ് നിറയെ അവനായിരുന്നു ജോർജ്... കോളേജിലെ ഓരോ നിമിഷവും അവളുടെ ഓർമ്മകളിലേക്ക് ഇരമ്പിയാർത്ത് വന്നു., ഒരു തുസുനാമി പോലെ.....
'' എന്താ മലർ ആലോചിക്കുന്നത്..?" കസിൻ അരുവി ചോദിച്ചു.
"ഹേയ്... കോളേജിലെ ഓരോ കാര്യങ്ങൾ " ആലോചനയിൽ നിന്നും ഞെട്ടിയുണർന്ന് കോട്ടു വാ ഇട്ടു കൊണ്ട് മലർ പറഞ്ഞു.
"എനിക്ക് തോന്നി ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് ഒക്കെ കണ്ടു.. " വണ്ടി ഓടിക്കുന്നതിനിടയിൽ ഇവനിതാണോ പണി... കസിൻ്റെ മറുപടി കേട് മലർ ആലോചിച്ചു.

അവളുടെ മനസ്സിലേക്ക് ഓർമ്മകൾ വീണ്ടും ഓടിയും ചാടിയും ഒക്കെ വന്നു. എന്ത് ചെയ്യാം ഡാൻസർ ആയി പോയില്ലേ ഓർമ്മകൾ പോലും അങ്ങനെയേ വരൂ... ഇത്തവണ 'മലരേ..' എന്ന പാട്ടിലെ രംഗങ്ങൾ ആണ് മനസ്സിലേക്ക് ഓടി വന്നത്....

(ആ പാട്ട് നെറ്റിൽ തപ്പി തപ്പി എൻ്റെ ചുണ്ടു വിരലിൻ്റെ അറ്റം തേഞ്ഞു പോയതിൻ്റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നു .)
" എന്താണ് മലർ ഒന്നും മിണ്ടാതിരിക്കുന്നത് ? ഇങ്ങനെ മിണ്ടാതെയും പറയാതെയും കൊടൈക്കനാൽ വരെ പോയാൽ ഞാൻ ബോർ അടിച്ച് മരിച്ചു പോകും "
സംഗതി ശരിയാണെന്ന് മലരിനും തോന്നി.., ബോർ അടിച്ച് മരിച്ചില്ലേലും കസിൻ ഉറങ്ങി പോയാൽ വല്ല പാണ്ടി ലോറിയുടെ അടിയിലും ചതഞ്ഞരഞ്ഞ് മരിക്കും...
സോ...,കഥയല്ലിത് ജീവിതം മോഡിൽ നിങ്ങൾക്കും ആവാം കോടീശ്വരൻ മോഡിലേക്ക് മൈൻഡ് മാറ്റി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി മലർ.
" എന്നെ പിക്ക് ചെയ്യാൻ തൊട്ടടുത്ത സ്കൂളിൽ പോലും വരാത്ത നീ ; ഇത്രയും ദൂരം വന്ന് കൂട്ടികൊണ്ട് പോവാൻ ഇതെന്ത് പറ്റി ?''
''ഹേയ് ഒന്നുമില്ല... ചുമ്മാ ഒരു ചേഞ്ചിന് "
ലക്ചർ ആയി കോളേജിൽ പോകാന്‍ തുടങ്ങി, സാരിയൊക്കെ ഉടുത്തപ്പോൾ അല്ലേ.. ഇവൾ ഇത്ര സുന്ദരിയാണ് എന്നൊക്കെ മനസ്സിലായത്... ചെറുപ്പത്തിൽ ഇവളുടെ ഓഞ്ഞ ലുക്ക് കണ്ടപ്പൊ വിചാരിച്ചോ ഇവൾ ഇത്ര കിടുക്കൻ സുന്ദരിയാവും എന്ന്.... പിന്നെ lCU ൽ കണ്ട പോസ്റ്റും അരുവിയുടെ മനസ്സിലേക്ക് വന്നു 'ചെറുപ്പത്തിൽ കാണാൻ ലുക്ക് ഇല്ലാത്ത പെൺമ്പിളേർ ഒക്കെ വലുതാകുമ്പോ ഒടുക്കത്തെ ലുക്ക് ആയിരിക്കും'
(പ്രേമത്തിൽ നമ്മുടെ സെലിൻ തന്നെ നല്ലൊരു example അല്ലേ...?)
കസിൻ ഓരോന്ന് ആലോചിച്ചിരിക്കുകയാണ് എന്ന് മനസ്സിലാക്കിയ മലരും ഒട്ടും സമയം കളയാതെ ജോർജിനെ കുറിച്ച് ആലോചിക്കാൻ ആരംഭിച്ചു... Start ; Action
പെട്ടന്ന് മഴ ചാറുവാൻ തുടങ്ങി...
(അത് മാത്രം തമിഴിൽ പറഞ്ഞാലോ എന്നാ ഞാൻ ആലോചിക്കുന്നത്..... വേണ്ട മുട്ടൻ തെറിയാവും )
മലരിൻ്റെ മുഖത്തേക്ക് മഴത്തുള്ളികൾക്കൊപ്പം അവളുടെ ഹൃദയത്തിലേക്ക് ഓർമ്മകളും വന്നു വീഴാൻ തുടങ്ങി. അവൾ കണ്ണsച്ചിരുന്ന് ഓരോ മഴത്തുള്ളിയേയും സ്വീകരിച്ചു കൊണ്ടിരുന്നു.
( ശരിക്കും ,ഓരോരോ കീഴ് വഴക്കങ്ങൾ ആവുമ്പോൾ ഇത്തരം സീനിൽ യേശുവിനെ കുരിശിൽ തറച്ച പോലെ കൈകളും നിവർത്തി വെക്കേണ്ടതാണ്... പക്ഷേ വാഹനത്തിൽ നിന്നും കൈയ്യോ തലയോ പുറത്തിട്ടാൽ IPC 1964 ബാർ 198 Z വകുപ്പ് പ്രകാരം മരണം വരെ ; പെറ്റിയടിച്ച് കാശ് കളഞ്ഞതിന് വീട്ടുകാരുടെ പണത്തെ പറ്റിയും റോഡ് സുരക്ഷയെ പറ്റിയും ഉള്ള ഉപദേശം കേൾക്കേണ്ടി വരാൻ ചാൻസ് ഉള്ളത് കൊണ്ട് കൈ നിവർത്തിപ്പിക്കുന്നില്ല... )
മലർ അങ്ങനെയിരിക്കുകയാണ്...
മലരിന് വേണ്ടി മാത്രം മഴ പെയ്യിക്കാൻ ഇത് മലർ പൈസ കൊടുത്ത് പെയ്യിക്കുന്നത് ഒന്നുമല്ലല്ലോ... അത് കൊണ്ട് കസിൻ്റെ ദേഹത്തും മഴ പെയ്യുന്നുണ്ട്. ഡ്രൈവ് ചെയ്യുമ്പോൾ കണ്ണടയ്ക്കാൻ പറ്റാത്തത് കൊണ്ട് കണ്ണ് തുറന്നിരിക്കുന്നു എന്ന് മാത്രം...
മഴ നനഞ്ഞ കസിൻ അരുവിയുടെ ഹൃദയവും പ്രണയാർദമായി.. അവൻ ആലോചിച്ചു... 'പറഞ്ഞാലോ..? എന്തായാലും വീട്ടിൽ ചെന്നാൽ അറിയാൻ ഉള്ളതല്ലേ.. പറഞ്ഞേക്കാം'
"ഹ്മ് ഹ്മ്.... " വിക്സ് ഗുളികയുടെ പരസ്യത്തിലെ പോലെ തൊണ്ട ശരിയാക്കി കസിൻ
" മലർ I Love you " അവൻ പറഞ്ഞു.
മഴയ്ക്കിടയിൽ ഇടി വെട്ടിയതാണ് എന്നാണ് മലർ ആദ്യം കരുതിയത്.പിന്നീടാണ് കസിനിൻ്റെ ഡയലോഗ് കേട്ട് സ്വന്തം ഹൃദയം തന്നെ പൊട്ടിത്തകരുന്ന സൗണ്ട് ആണ് ഡിജിറ്റൽ ഡോൾബി യിൽ കേട്ടത് എന്നവൾക്ക് മനസ്സിലായത്.
"എന്താ പറഞ്ഞത്..?" അവൾ വിശ്വസിക്കാനാവാത്ത വിധം ചോദിച്ചു. അവൻ വീണ്ടും പറഞ്ഞു.
" അതായത് മലരേ... I Love You ന്ന്... " നാണം കൊണ്ടവൻ ജീപ്പിൻ്റെ സ്റ്റിയറിംഗിൽ ഒരാവശ്യവുമില്ലാതെ അലങ്കോലമാക്കാർ ഘടിപ്പിച്ച സ്പോഞ്ച് പറിച്ചെറിഞ്ഞു കൊണ്ടിരുന്നു..
അത് മലരിന് ഇഷ്ട്ടപ്പെട്ടില്ല. അവൾ പറഞ്ഞു.
"നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്..? നീ ഒരിക്കലും എന്നെ അങ്ങനെയൊന്നും കാണരുത്.. എന്നെ ഒരു കസിൻ ആയി കണ്ടുടേ നിനക്ക്.? "
സകല പെൺപിള്ളാരെയും പോലെ അങ്ങും ഇങ്ങും തൊടാതെയുള്ള മലരിൻ്റെ ഊള ഡയലോഗ് കേട്ട കസിൻ ഇന്നസെൻ്റ് 'അയ്യേ ' എന്ന് പറയുന്ന ഭാവത്തിൽ മുഖം ചുളിച്ചു പോയി. അവൻ ചോദിച്ചു.
" അല്ലേലും നമ്മൾ കസിൻസ് തന്നെയല്ലേ മലർ"
'ശരിയാണല്ലോ ' സ്കൂളിലും കോളേജിലും സകല ബോയ്സ് നോടും പറഞ്ഞ് ശീലിച്ച ഡയലോഗ് ഇവിടെ ചിറ്റിയെങ്കിലും ചമ്മൽ പുറത്ത് കാണിക്കാതെ അവൾ പറഞ്ഞു.

''എനിക്ക് ഞങ്ങളുടെ കോളേജിലെ ജോർജ്ജിനെ ഇഷ്ട്ടമാണ് " ഇത് കേട്ട കസിൻ

" മലർ ർ ർ ർ ർ ർ ർ ർ ർ ർ ർ...." എന്ന് വിളിച്ചു കൊണ്ട് ബ്രേക്കിൻ ചവിട്ടിയ ചവിട്ടിൽ , ബ്രേക്ക് വരെ തന്തയ്ക്കും തളളയ്ക്കും വിളിച്ചത് പോരാഞ്ഞ് , മലരിൻ്റെ തല ജീപ്പിൻ്റെ Front ൽ ഒറ്റയിടി.... അവിടെ മറിഞ്ഞ് ചോര വന്നു.
''എച്ച്യൂസ് മീ വല്ലതും പറ്റിയോ മലർ..?? " അവൻ ചോദിച്ചു.
തലയും ഇടിച്ച് ചോരയും വന്നിട്ട് അയോഗ്യ നായ ചോദിക്കുന്ന ചോദ്യം കേട്ട് നാഗവല്ലിയാവാൻ തുടങ്ങിയ മലർ പല്ലിറുമ്മിയ ശബ്ദം കേട്ട് , ആകാശത്ത് ആൾക്കാരെ പേടിപ്പിക്കാൻ തയ്യാറായിരുന്ന 'ഇടി' വരെ നാണിച്ചു പോയി.

"ഹേയ്... ഒന്നും പറ്റിയില്ല.. " അവൾ ചോര തുടച്ച് കൊണ്ട് മറുപടി പറഞ്ഞു.

"മലർ.., നിന്നോട് ഇത് പറയാൻ ആണ് ഇത്രയും ദൂരം ഞാൻ വണ്ടിയെടുത്ത് വന്നത്.. പ്രീഡിഗ്രി സമയത്ത് ആദ്യത്തെ Love പൊട്ടിയ ശേഷം നിന്നെ ആത്മാർത്ഥം ആയി പ്രണയിക്കുകയാണ് ഞാൻ... ആ.... ശത്യം.... ആ ... ശത്യം... ആ.. ശത്യം... " അവൻ സ്റ്റിയറിംഗിൽ അടിച്ച് സത്യം ചെയ്ത സൗണ്ട് ഹോണായി പുറത്ത് വന്നത് കേട്ട് തൊട്ടപ്പുറത്തെ ചായക്കടയുടെ തിണ്ണയിൽ കിടന്നിരുന്നവർ തമിഴിൽ മുട്ടൻ തെറി പറഞ്ചു...അതൊന്നും മൈൻഡ് അക്കാതെ അവൻ തുടർന്നു.
" അവിടെയും ഒരു ശല്യം ജോർജ്ജ് തന്നെയായിരുന്നു പാര... ഞങ്ങൾ SBl കോളേജിൽ പഠിച്ചപ്പോ ജോർജ്ജ് എന്നു പേരുള്ള ഒരുത്തൻ്റ ബന്ധുവായ മേരിയെ , അവൻ്റെ ചേച്ചിയുടെ കല്യാണത്തിന് കണ്ട് ഞാൻ ആത്മാർത്ഥമായി പ്രേമിച്ചായിരുന്നു. പക്ഷേ അവൾ എന്നെയും പറ്റിച്ച് ആ ജോർജിനെ തന്നെയാണ് ഇഷ്ട്ടം എന്ന് പറഞ്ഞ് എന്നെ ശശിയാക്കി..
( കസിൻ മലയാളം പഠിച്ചത് എവിടെ നിന്നാണ് എന്ന് മനസ്സിലായില്ലേ... അവൻ കേരളത്തിൻ SBl കോളേജിൽ പഠിച്ചിരുന്നു. മേരിയുടെ ഒർജ്ജിനൽ ജോർജ്ജിനൊപ്പം... മേരി ആരാന്ന് പറയണ്ടല്ലോ... )
അങ്ങനെ അവൾ പോയ ശേഷം നിന്നെയാണ് ഞാൻ ആത്മാർത്ഥമായി പ്രണയിക്കുന്നത്. പിന്നെ ഞാൻ നിനക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ... ഇപ്പോ 2005 ൽ പെട്രോളിന് വില അത്രയൊന്നും ഇല്ലെങ്കിലും 2015 ആവുമ്പൊഴേക്കും അത് 70-75 വരെ ആവാൻ ചാൻസ് ഉണ്ട്. അത്ര വില പിടിച്ച പെട്രോളും അടിച്ചാണ് , കൊടൈക്കനാലിൽ നിന്നും ഇവിടെ വരെ ഈ പാട്ട വണ്ടിയെടുത്ത് വന്നത്... കാണാൻ അൽപ്പം ലുക്ക് ഉണ്ടെന്നേ ഉള്ളൂ വണ്ടിക്ക്... വല്ല്യ മൈലേജ് ഒന്നുമില്ല.. "
' എന്ത് കിട്ടും 'എന്ന് അവൾ ചോദിക്കും മുന്നേ അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു..
വണ്ടി കേരളം വിട്ട് തമിഴ്നാട് എത്തിയത് കൊണ്ട് അരുവി യുടെ കണ്ണിൽ നിന്നും നയാഗ്ര വെള്ളച്ചാട്ടം പോലെ ഒലിച്ചിറങ്ങുന്ന കണ്ണൂനീർ ചാലിൽ റോഡിലെ ഗട്ടറിൽ വെളളം കെട്ടി നിന്ന് പുഴ പോലെയോ കുളം പോലെയോ ആയില്ല. ഭാഗ്യം.

പ്രേമം, പ്രീഡിഗ്രി, ആത്മാർത്ഥത എന്നൊക്കെ കസിൻ വലിയ വായിൽ പറയുമ്പോൾ ഇതൊക്കെ കുറേ കേട്ടിട്ടുണ്ട് എന്ന ഭാവത്തിൽ കിലുക്കത്തിൽ കാമധേനു ഫലം കേൾക്കുന്ന ഇന്നസെൻ്റിനെ പോലെ തല കുലുക്കി കേട്ടുകൊണ്ടിരിക്കുകയായിരുന്നെങ്കിലും, പെട്രോളിൻ്റെ കാര്യം പറഞ്ഞപ്പോൾ മലരിൻ്റെ മനസ്സലിഞ്ഞു പോയി.., കണ്ണ് നിറഞ്ഞു പോയി. ഒരു പ്രണയത്തിന് വേണ്ടി ഇത്രയും ത്യാഗം സഹിക്കുന്ന ആൾ ഉണ്ടാവുമോ... അതും കൊടൈക്കനാലിൽ നിന്നും ഇത്രയും ദൂരം വണ്ടിയിൽ സ്വന്തം കാശിന് പെട്രോൾ അടിച്ചു വന്നു കൊണ്ട്... ഹൊ..... മലരിൻ്റെ മനസ്സിൽ ടൈറ്റാനിക്കിൽ പ്രണയിനിക്ക് വേണ്ടി സ്വന്തം ജീവൻ വരെ കളഞ്ഞ ജാക്കിയെ(ചെക്കൻ്റെ നിൽപ്പ് ദോഷം)ക്കാൾ വലുതായി അരുവിയുടെ സ്ഥാനം...

എന്നാ പിന്നെ "me too Love you three " എന്ന് പറഞ്ഞാലോ എന്ന് ആലോചിക്കാൻ തുടങ്ങുകയായിരുന്ന മലരിൻ്റെ മനസ്സിലേക്ക് ജോർജ്ജിൻ്റെ കാര്യം ഓർമ്മ വന്നു.... സ്റ്റേജിൻ്റെ അടിയിൽ ഗുണ്ട് വെച്ചിട്ട് ഇറങ്ങി വരുന്ന സീൻ.. കട്ടക്കലിപ്പ്.. ഹൊ.. (മലർ വരുന്നതിന് രണ്ട് മാസം മുൻപുള്ള കാര്യം മലരിന് ഏങ്ങനെ അറിയാം എന്നല്ലേ Doubt..?? മലയാള സിനിമയിലോ മലയാള സിനിമയെ പറ്റി പറയുന്ന കഥയിലോ ചോദ്യമില്ലാന്ന് പറയാൻ പറഞ്ഞു.)

മലർ അറിയാതെ ചോദിച്ചു... "അപ്പൊ ജോർജ്ജ്....?? അവനോട് ഞാൻ എന്ത് പറയും.... അവനെ വേദനിപ്പിക്കാൻ എനിക്ക് വയ്യ.. "

"ഓ..... ഒരു ജോർജ്ജ്.... നിനക്ക് വർങ്ങളോളം നിന്നെ സ്നേഹിച്ചെന്ന് തലയിലടിച്ച് സത്യം ചെയ്ത എന്നെ വേണോ..., അതോ.., വെറും മാസങ്ങളുടെ പരിചയം ഉള്ള അവൻ വേണോ...? മാത്രമല്ല.. നിന്നേക്കാൾ പ്രായം കുറഞ്ഞ, വേറെ മതത്തിൽ ഉള്ള അവനുമായുള്ള കല്യാണം നിൻ്റെ വീട്ടുകാർ നടത്തിത്തരും എന്ന് നിനക്ക് തോന്നുന്നുണ്ടോ... അതും സ്വന്തം Student നെ...? വെറും അൽപ്പ കാല പരിചയം മാത്രമുള്ള ഒരുത്തന് വേണ്ടി നീ നിൻ്റെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കാൻ പോവുകയാണോ...??"കസിൽ അരുവിയുടെ ഒടുക്കത്തെ ബ്രൈൻ വാഷിംഗ്....

മലർ ആലോചിച്ചു... അരുവി പറയുന്നതും ശരിയാണ്... കാണാൻ ജോർജ്ജ് കട്ട കലിപ്പ് ഒക്കെയാണ്.. ഒരു മാസ്സ് Look ഒക്കെ ഉണ്ട്.. പക്ഷേ ജീവിച്ച് തുടങ്ങുമ്പോൾ അത് കൊണ്ട് മാത്രം കാര്യമില്ലല്ലോ... അരുവിയാണെങ്കിൽ കോയയും ശംഭുവും പറഞ്ഞ പോലെ കാണാനും കൊള്ളാം കട്ട ബോഡിയും ഉണ്ട്... ജോലിയുണ്ട്.. അത്യാവശ്യം കാശുണ്ട്....സ്വന്തായിട്ട് ജീപ്പുണ്ട്‌..പിന്നെ ഒരു ബുള്ളറ്റും കൂടിയുണ്ട്(അതാണ് ഹൈലൈറ്റ്)... സ്വന്തം മതം.., ജാതി..., പിന്നെ തമിഴനുമാണ്... അങ്ങനെ ആകെ മൊത്തം Total നോക്കുമ്പോ അരുവി തന്നെയാണ് ബെറ്റർ....

താടിയിൽ ചൂണ്ടുവിരൽ തട്ടിക്കൊണ്ട് ആകാശത്ത് നോക്കി ചിന്താഗമ്ന.... ചിന്താമ ഗന.... ഛെ....ചിന്തിച്ചു കൊണ്ടിരിക്കുന്ന മലരിൻ്റെ മുഖത്തേക്ക് കസിൻ, സച്ചിന് എതിരായ അപ്പീലിൽ മൂന്നാം അമ്പയറുടെ ഡിസിഷൻ നോക്കിയിരിക്കുന്ന ഇന്ത്യക്കാരെ പോലെ നോക്കിയിരുന്നു.

മലരിൻ്റെ മുഖത്ത് ചിരി...

അരുവിയുടെ മുഖത്ത് ചിരി...

'' മൗനം നം നം സമ്മതം തം തം....." കസിൻ കല്ല്യാണ രാമനിലെ പ്യാരിലാലിനെ പോലെ (മ്മളെ സലിം കുമാർ ) പറഞ്ഞു, ആരോടെന്നില്ലാതെ....

അങ്ങനെ സന്തോഷത്തോടെ ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോകാൻ നോക്കുമ്പോൾ മലർ വീണ്ടും പറഞ്ഞു... "സ്റ്റോപ്പ് പ്ലീസ്.."

അതും പറഞ്ഞ് അവൾ ജോർജ്ജിൻ്റെ കോളേജ്ല്‍ ഉണ്ടാക്കിയ സ്റ്റണ്ട് സീൻ മൊത്തത്തിൽ കസിന് ദിവ്യദൃഷ്ടിയിൽ കാണിച്ചു കൊടുത്തു. ജസ്റ്റിൻൻ്റെ കൂടെ നടക്കുന്ന മുഖത്ത് താടി മാത്രമുള്ള ചെക്കനെ WWE മോഡലിൽ പഞ്ഞിക്കിടുന്നത് ദിവ്യദൃഷ്ടിയിൽ മാത്രം കണ്ടിട്ടു വരെ കസിൻ മുള്ളി പോയി.....
" ഹൂ... എന്തൂട്ട് ഇടിയാ ഇത് "
ജോർജ്ജിൻ്റെ ഇടി കണ്ട് കണ്ണ് തള്ളിപ്പോയ കസിൻ , മലരിനോട് പറഞ്ഞു പോയതും തിരിച്ചെടുത്ത് , കോളേജിൽ നിന്നും എടുത്ത മൊതലിനെ അവിടെത്തന്നെ തിരിച്ചു കൊണ്ടിട്ട് സ്കൂട്ട് ആയാലോ എന്നാലോചിച്ച് അന്തം വിട്ടിരുന്നു....

അപ്പോഴാണ് അടുത്തുള്ള ചായക്കടയുടെ ചുവരിൽ പശു തിന്നുകൊണ്ടിരിക്കുന്ന പോസ്റ്റർ അവൻ കണ്ടത്..." തന്മാത്ര"

[ 2005 - രാജമാണിക്യം മാത്രമല്ല തന്മാത്ര കൂടെ റിലീസ് ആയ വർഷം ]

മോനേ.... കസിൻ്റെ മനസ്സിൽ ലഡു പൊട്ടി.... ഒന്നല്ല.. രണ്ടല്ല... മൂന്നല്ല... ചറപറ പൊട്ടി....

പിന്നെ ഫുൾ പ്ലാനിംഗ്‌....

അത് കഴിഞ്ഞ് വെക്കേഷൻ കഴിയുന്ന വരെ അടിച്ചു പൊളിച്ചു നടന്നു അവിലും മലരും കൂടെ.... ഛെ.....അരുവിയും മലരും കൂടെ....

പിന്നെ കേളേജ് തുറക്കുന്ന ദിവസത്തിന് കണക്കാക്കി ആ തിരുമണ്ടൻ പ്രിൻസിപ്പലിനെ വിളിച്ച് മലരിന് ആക്സിഡൻ്റ് ആയി പ്രാർത്ഥിക്കണം എന്നൊക്കെ പറഞ്ഞു. അതൊക്കെ അങ്ങേര് തുണ്ട് കടലാസ്സിൽ എഴുതി ക്ലാസിൽ കൊണ്ടുപോയി വായിപ്പിച്ചു.... ആക്സിഡൻ്റ് എന്ന് പറഞ്ഞാൽ അപ്പൊത്തന്നെ ജോർജ്ജ് വരും എന്ന് കസിനും മലരിനും അറിയാം... അതു കൊണ്ട് അവർ തയ്യാറായാണ് ഇരുന്നത്.... ആക്സിഡറ്റിൻ്റെ തെളിവ് കാണിക്കാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ച അരുവിക്ക് ജീപ്പിൻ്റെ ഫ്രണ്ടിൽ തട്ടി മുറിഞ്ഞത് കാണിച്ചു കൊടുത്തു മലർ....
ലഡു പൊട്ടി ലഡു പൊട്ടി ഷുഗർ വന്ന കസിൻ ഉടനെ തന്നെ കുറെ തുണി വാങ്ങി മലരിൻ്റെ നെറ്റിയിലും അവൻ്റ സ്വന്തം കയ്യിലും കെട്ടിവച്ചു..., പിന്നെ ഒരു ഭംഗി ക്ക് മലരിൻ്റെ കൈ ഒരു പ്ലാസ്റ്റർ ബാഗിൻ്റെ ഉള്ളിലും കയറ്റി വെച്ച് എല്ലാം തയ്യാറായി ഇരുന്നു.

ദൂരെ നിന്നും ബൈക്കിൻ്റെ സൗണ്ട് കേട്ടതും, തമിഴ് സീരിയൻ കണ്ട് മോങ്ങുകയായിരുന്ന മലരിനെ പിടിച്ച് അകത്ത് കട്ടിലിൽ കിടത്തി, ഒരു സെറ്റപ്പിന് അമ്മയെയും ആൾക്കാരെയും ചുറ്റിലും നിർത്തി , ഓടി വന്നു ഒന്നുമറിയാത്ത പോലെ വാതിൽ തുറന്നു കസിൻ.... കോളേജിൽ നിന്നും ഇറങ്ങി , മലരിൻ്റെ വീട് എത്തുന്നവരെ 'മാസ്സ് ' ഉണ്ടായിരുന്ന ജോർജ്ജ് അതൊക്കെ മടക്കി മഞ്ഞ ജാക്കറ്റിൻ്റെ കീശയിലിട്ട് ചോദിച്ചു..

" മലർ. എവിടെ...???''
എല്ലാം മുന്നേ പ്ലാൻ പണ്ണി വെച്ച മാതിരി കള്ള ബഡുവയായ കസിൻ ഇങ്ങനെ പറഞ്ഞു.
" മലരിന് ഒന്നും ഓർമ്മയില്ല... അമ്ലേഷ്യം പിടിച്ചു. അമ്ലേഷ്യം. കോളേജിൽ നിന്നും തിരിച്ചു വരുന്ന വഴിക്ക് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്ത എന്നെ പോലും ഒർമ്മയില്ല.... പിന്നെങ്ങനെ മല്ലിപ്പൊടി വാങ്ങി കൊടുത്ത ആൾക്കാരെ ഓർമ്മ കാണും..?"

ഇത് കേട്ട് ഗദ്ഗദദുഖവികാരപരവശനായ ജോർജ്ജ് അകത്ത് പോയി മലരിനെ കണ്ടു. ഹെൻ്റെ പൊന്നോ അകത്ത് ഒടുക്കത്ത ആക്റ്റിംഗ്.... തൊട്ട് മുന്നിൽ നിൽക്കുന്ന മാവാ സർന് ഒരു ഭാവഭേദവും ഇല്ലാതെ ഫോൺ നമ്പർ തെറ്റിച്ച് കൊടുത്തതിനേക്കാളും അൽപ്പം കൂടെ ബെറ്റർ ആക്കിയെന്ന് മാത്രം...

അങ്ങനെ ലുക്കിൽ മാത്രം മാസ്സ് ഉള്ള ജോർജ്ജ് , ജസ്റ്റിൻൻ്റെ ഡാൻസ് മുടക്കാൻ സ്റ്റേജിൻ്റെ അടിയിൽ ഗുണ്ട് വെച്ച കുരുട്ട് ബുദ്ധി കൂടെ ഉള്ള ജോർജ്ജ് കൃത്യം 2 മിനിറ്റ് 38 സെക്കൻ്റ് കൊണ്ട് കസിൻ പറഞ്ഞത് സകലതും വിശ്വസിച്ച് , എല്ലാം വിശ്വസിച്ചിരിക്കുന്നു എന്നെഴുതി ഒപ്പിട്ട് കൊടുത്ത് കരഞ്ഞ് മൂക്കളയൊലിപ്പിച്ച് തിരിച്ചു പോയി.
ശരിക്കും എന്താ സംഭവിച്ചത് എന്ന് വിശദമായി ഒന്ന് ചോദിച്ചിരുന്നേൽ രണ്ടിൻ്റെയും കള്ളി വെളിച്ചത്തായേനെ....

എന്താപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ എന്നോ... കാരണമുണ്ട് ഹേ.....

അതായത് ഉത്തമാ.... ഇതുവരെ ഉള്ള കാര്യങ്ങൾ ഒക്കെ മറന്നു പോകത്തക്ക വിധത്തിൽ ശക്തമായ ഒരു ആക്സിഡൻ്റ് ആയിരിക്കുമല്ലോ നടന്നത്..., അല്ലാതെ ഒരു മുട്ടൻ വിറക് കൊള്ളിയെടുത്ത് തലയ്ക്കടിച്ചാൽ ഓർമ്മ പോവാനും , പിന്നെ ഒന്നും കൂടെ കൊടുത്താൽ ഓർമ്മ വരാനും ഇത് ജഗതി ചേട്ടൻ്റെ കോമഡി നമ്പർ ഒന്നുമല്ലല്ലോ.... അങ്ങനെയുള്ള ഒരു വലിയ ആക്സിഡൻ്റ് നടന്നിട്ട് പത്തിരുപത് ദിവസം കൊണ്ട് നെറ്റിയിൽ ഒരു Band- Aid ഉം ഒട്ടിച്ച് മാനം നോക്കിയിരിക്കുകയാണ് മലർ....
അത് പോരാഞ്ഞ് ജോർജ്ജ് വന്ന് കതക് തുറന്നപ്പോ കസിൻ്റെ മുഖത്ത് അപ്രതീക്ഷിതമായി വന്നവരെ കണ്ട ഭാവം അല്ല.., എല്ലാം നല്ല പടിയാ മുടിയുമോ എന്ന കള്ള ലക്ഷണം ആയിരുന്നു എന്ന് ഞാൻ പറയുന്നു.

പിന്നെ സെലിനുമായി ജോർജ്ജിൻ്റെ കല്യാണത്തിന് വന്ന മലരിൻ്റെ മുഖത്ത് ഒടുക്കത്തെ കുറ്റബോധം ആയിരുന്നു എന്നും. ആ വേഷവും ഭാവവും കണ്ടാൽ അറിയാലോ അത്.

അവസാനം മലർ എല്ലാം പറയാൻ തയ്യാറായാണ് വന്നത് എന്ന് കസിൻ അരുവി പറയുന്ന ഡയലോഗിൽ നിന്നും വ്യക്തമാണ്.. അത് എനിക്ക് പെട്ടന്ന് ഒരു ദിവസം ഓർമ്മ വന്നേ , ഓർമ്മ വന്നേ എന്നും പറഞ്ഞ് തുളളിച്ചാടാൻ ആയിരുന്നില്ല , പകരം ഒരു കുറ്റസമ്മതം നടത്താനായിരുന്നു എന്നും ഞാൻ കരുതുന്നു.... എല്ലാം കഴിഞ്ഞ് ജോർജ്ജിൻ്റെയും കൂട്ടുകാരുടെയും കയ്യിൽ നിന്നും തനിക്ക് കിട്ടുന്ന തല്ല്,
"ഒടുവിൽ ഗുറ്റസമ്മതം നടത്തിയല്ലേ...??" എന്നും പറഞ്ഞ്‌ പുലിവാൽ കല്ലാണം
സിനിമയിൽ മണവാൻ്റെ കയ്യിൽ നിന്നും കിട്ടുന്ന പോലെ ഒരു ചെറിയേ തല്ലാവില്ല എന്ന് മനസ്സിലാക്കിയാണ് മലർ ഒന്നും മിണ്ടാതെ പോയത്....

അങ്ങനെ അരുവിയും മലരും സർവോപരി കഥയുടെ അവസാനം സെലിനെ തനിക്ക് കിട്ടില്ല എന്ന് മനസ്സിലാക്കിയ അൽഫോൺസ് പുത്രനും കൂടെ ചേർന്ന് കളിച്ച ഒരു വെൽ പ്ലാൻഡ് ഡ്രാമയായിരുന്നു..., ഈ സിനിമയ്ക്കുള്ളിൽ നടന്നത് എന്ന് വേണം അനുമാനിക്കാൻ....

മിസ്സിസ് മലർ അരുവി.... പേരും ഇങ്ങളെ സിമ്പിൾ ലുക്കും ഒടുക്കത്തെ ക്യാരക്റ്ററും നൈസ് ഡാൻസും ഒക്കെ ഞങ്ങൾക്ക് പുടിച്ചിക്ക് , പക്ഷേ മലരിനെ അത്മാർത്ഥം ആയി സ്നേഹിച്ച ഞങ്ങയുടെ മാസ്സ് ജോർജ്ജ് നെ മറന്നതും വേറെ കല്യാണം കഴിച്ചതും , ഒരു കല്യാണം ഒക്കെ കഴിച്ച നിവിൻ പോളി ക്ഷമിക്കുമായിരിക്കും ബട്ട് ഞങ്ങൾ ഫാൻസ്ക്ഷമിക്കില്ല.......
സഹിക്കണില്ല.... എന്തിന് മലരിനെ കാണിച്ച് ഞങ്ങടെ നിവിൻ പോളിയെ പറ്റിച്ചൂ... യൂ റ്റ്യൂ ബ്രുട്ടസ് അൽ.പുത്രാ....

***************†************†*************†**************
പ്രിയ വായനക്കാരെ..., നിങ്ങൾ പലരും മലരിനെ എന്നെ പോലെ വളരെയധികം ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാം.... ഇത് വെറും തമാശ ഉദ്ദേശിച്ച് മാത്രം എഴുതിയതാണ്. ഇതിൽ തമാശ മാത്രം കാണുക. ഒറ്റത്തവണ സിനിമ കണ്ട പരിചയത്തിൽ മാത്രം എഴുതിയതാണ്. സംവിധായകൻ ഉൾക്കൊള്ളിക്കാൻ ശ്രമിച്ച സമയത്തിൻ്റെ ഗ്യാപ്പും മറ്റും ഹൗസ്ഫുൾ ആയ തിയ്യേറ്ററിൽ അലറിവിളിക്കുന്ന കാണികൾക്കൊപ്പം അവരിലൊരാളായി ചിത്രം കണ്ട എനിക്ക് കത്തിയിട്ടുണ്ടാവില്ല എന്ന് മാത്രം അറിയുക.
മലരും ജോർജ്ജും തമ്മിൽ ഉള്ള ആത്മാർത്ഥ മനോഹര സുന്ദര പ്രണയം അങ്ങനെയങ്ങ് അവസാനിച്ചതിൽ മനസ്സിൽ നൊമ്പരം ഉള്ള ഒരാളെന്ന നിലയിലും പ്രേമിച്ച പെണ്ണ് രണ്ടാമതും കൈവിട്ട് പോയപ്പോൾ ജോർജ് എത്ര ദു:ഖിച്ചു കാണും എന്നും ഓർത്തപ്പോൾ തോന്നിയ ഒരു കുസൃതി ചിന്തയായി മാത്രം ഇതിനെ കാണുക.....

ഋതുക്കള്‍

സൂര്യനെ 
AC മുറിയുടെ 
വാതില്‍ക്കല്‍ നിര്‍ത്തി,
മഴയ്ക്ക്‌ 
നേരെ ജനവാതിലുകള്‍ 

കൊട്ടിയടച്ച് ,
മഞ്ഞിനെ
മുഖം മൂടിയണിഞ്ഞ്
കണ്ണുരുട്ടി പേടിപ്പിച്ച്,
വസന്തത്തെ
ബലാത്സംഗം ചെയ്തു
മാംസച്ചന്തയില്‍ വിറ്റ്,
ഇവിടെ
ജീവനില്ലാത്ത വാക്കുകളില്‍
വിലപിക്കുന്നു നമ്മള്‍

"എനിയ്ക്കെന്‍റെ ഋതുക്കളെ നഷ്ട്ടമായി"

പെരുകുന്ന
തള്ളവിരല്‍ ചിഹ്നങ്ങള്‍ക്കിടയില്‍
സൂര്യനെ മഴയെ മഞ്ഞിനെ വസന്തത്തെ
സ്നേഹിക്കുന്ന
ഋതുക്കളുടെ മനസ്സറിയുന്ന
കര്‍ഷകന്‍റെ മനുഷരുടെ
നടുവിരല്‍ ചിഹ്നം