Sunday, September 2, 2012

വില്‍ക്കാനുണ്ട് ഉപദേശങ്ങള്‍




















കൊഴുത്ത ശരീരത്തിലെ ചോരയുടെ മണം ആസ്വദിച്ചു കൊണ്ട് ശരീരം ലാക്കാക്കി കൊതുക് കുതിച്ചു.

"കിട്ടിയെടാ നിന്നെ"

ഒരു ദാക്ഷിണ്യവുമില്ലാതെ അയാള്‍ അതിനെ പിടികൂടി.
അതിന്‍റെ കൈകാലുകള്‍ ബന്ധനത്തിലാക്കി അയാള്‍ ഉപദേശം തുടങ്ങി. 
ആയതിനാല്‍ അദ്ദേഹം ഉപദേശി എന്ന് വിളിക്കപ്പെടും.

ചെവി പോതാന്‍ വയ്യാതെ കൊതുകിനു സകലതും കേട്ടു നില്‍ക്കേണ്ടി വന്നു.അയാള്‍ തുടങ്ങി.

"എന്ത് ദ്രോഹമാണ് നീയീ കാണിക്കാന്‍ തുനിഞ്ഞത് ..?
മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊടുംപാപമാണെന്ന് നിനക്കറിയില്ലേ..? 
ഇങ്ങനെ ചെയ്യുന്ന പാപങ്ങള്‍ കൊണ്ടുള്ള ഉമിതീയില്‍ നീ നീറി നീറി 
പുകയേണ്ടി വരും . നിന്നെ സൃഷ്ടിച്ചവന്‍ നിനക്ക് മാപ്പ് നല്‍കുകയില്ല . എല്ലാം 
അറിയുന്ന പിതാവില്‍ നിന്നും നിനക്ക് യാതൊന്നും ഒളിക്കാന്‍ കഴിയുകയില്ല."

ഉപദേശം നീണ്ടു പോയി.... കൊതുകിന്‍റെ കൈകാലുകളിലെ ചങ്ങല ആ 
ഉപദേശങ്ങള്‍ മുഴുവന്‍ കേള്‍ക്കാന്‍ അതിനെ നിര്‍ബന്ധിതനാക്കി... 

ഉപദേശങ്ങള്‍ കൊതുകിലേക്ക് ആഴ്ന്നിറങ്ങി... കൊതുകില്‍ മാനസാന്തരം 
സംഭവിച്ചു തുടങ്ങി. താന്‍ ചെയ്ത തെറ്റുകള്‍ ഓര്‍ത്തു അത് പശ്ചാത്തപിച്ചു 
കരയാന്‍ തുടങ്ങി.

ഇനി മുതല്‍ ഒരാളെയും ഉപദ്രവിക്കില്ല എന്നും ചോര കുടിക്കില്ല എന്നും 
ഉപദേശിക്കു മുന്നിലും അയാള്‍ക്കു പിന്നിലെ വാ മൂടിക്കെട്ടിയ പിതാവിന്‍റെ 
വലിയ പ്രതിമയ്ക്കു മുന്നിലും സത്യം ചെയ്തു കൊതുക് നടന്നു നീങ്ങി. 


വഴിയില്‍ കൊതുക് ധാരാളം ശരീരങ്ങള്‍ കണ്ടു. ചോരയുടെ രുചികരമായ 
മണം അതിന്‍റെ മൂക്കില്‍ തുളഞ്ഞു കയറി. പക്ഷെ കൊതുകിന്‍റെ 
മനസ്സിളകിയില്ല. അതിനു നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അത് 
താന്‍ ചെയ്ത ശപഥത്തില്‍ നിന്നും പിന്തിരിഞ്ഞില്ല. 
ഏതാനും ദിവസം മാത്രം ആയുസ്സനുവധിക്കപ്പെട്ട ആ ജീവി തനിക്ക് കിട്ടിയ 
ആ ആനുകൂല്യം തീരുന്നതിനു മുമ്പ് ചത്തു വീണു ; വിശന്നു വലഞ്ഞു... 


കൊതുകിന്‍റെ ശവസംസ്ക്കാര ചടങ്ങുകള്‍ തെമ്മാടിക്കുഴിയില്‍ 
അവസാനിപ്പിച്ചു ഉപദേശി കാല്‍ കഴുകി, കൈ കഴുകി, മുഖം തുടച്ചു തീന്‍ 
മേശയ്ക്കരികില്‍ വന്നിരുന്നു.

അയാള്‍ അകത്തേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു.

" ഒരു ആട്ടിന്‍ സൂപ്പ് " 

അകത്തു ഒരു ആടിന്‍റെ ദീനരോദനം പ്രാര്‍ത്ഥന സൂക്തങ്ങളില്‍ 
അലിഞ്ഞില്ലാതായി.

ഉപദേശിക്കു പിന്നില്‍ വാ മൂടിക്കെട്ടിയവന്‍റെ പ്രതിമ ആകാശം മുട്ടെ 
വളര്‍ന്നു അനുഗ്രഹം ചൊരിഞ്ഞു നില്‍പ്പുണ്ടായിരുന്നു.

15 comments:

  1. ആദര്‍ശങ്ങള്‍ വാക്കുകളില്‍ മാത്രം സൂക്ഷിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടി... ഈ കുഞ്ഞു കഥയില്‍ ഒരു കുന്നു ആശയങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു.... ഒരു കവിതയ്ക്ക് പറ്റിയ പ്രമേയം.... നന്നായി അവതരിപ്പിച്ചു.... ആശംസകള്‍....

    ReplyDelete
  2. ഒരു വലിയ ആശയം ചുരുങ്ങിയ വാക്കുകളില്‍ പറയാന്‍ കഴിഞ്ഞു.
    അന്യര്‍ക്ക്‌ ഉപദേശം നല്‍കി പിടുങ്ങുന്ന കാശു കൊണ്ട് അപ്പോം തിന്നു ആട്ടിന്‍ സൂപ്പും കുടിച്ചു, കൊണ്ടാസയിലും, ബെന്സിലും കേറി നടക്കുനവരോട് അന്ന് തീര്‍ന്നതാ തിരുമേനി ബഹുമാനം.

    ReplyDelete
  3. ഇത്തരം ചെറുകഥകളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട് .കാരണം വലിയ ആശയം ചെറിയ വാക്കുകളാല്‍ പങ്കു വെക്കുക എന്നുള്ളത് ഒരു വെല്ലുവിളിയാണ് .ഉപദേശിക്കാന്‍ എല്ലാവര്‍ക്കുമാകും പക്ഷെ അത് ജീവിതത്തില്‍ പ്രവര്തികമാക്കുന്നവര്‍ എത്ര പേരുണ്ട് .നന്നായി കഥ...

    ReplyDelete
  4. ഒരു നല്ല സന്ദേശം...

    നമ്മളിലെ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ഒന്ന്..

    ReplyDelete
  5. ചെറുകഥകള്‍ മനോഹരമായി പറയുക എന്നത് വലിയൊരു കുരുക്ക് പിടിച്ച കാര്യമാണ്. അത് അഖില്‍ വളരെ നന്നായി തന്നെ ചെയ്തിരിക്കുന്നു...ആശംസകളോടെ. ഈ ഫോണ്ട് സ്റ്റൈല്‍ ഒന്ന് മാറ്റുന്നത് നന്നായിരിക്കും

    ReplyDelete
  6. നന്നയി അവതരിപിച്ചിരിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു .ആശംസകള്‍ .

    ReplyDelete
  7. പ്രവീണിന്റെ കുറിപ്പ് കണ്ടിവിടെ എത്തി

    മാഗസീന്‍ കഥ ഗംഭീരമാക്കി

    ചുരിങ്ങിയ വരികളില്‍ വിലയുറ്റ ആശയം

    നന്നായി വീണ്ടും എഴുതുക അറിയിക്കുക

    ആശംസകള്‍

    ReplyDelete

  8. അതേ..ഒരു വിത്യസ്തത .

    നന്നായി പറഞ്ഞു.

    അഖില്‍ ..ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു .

    ആശംസകള്‍

    ReplyDelete
  9. നന്നായി എഴുതി നല്ല രചന .ആശംസകള്‍

    ReplyDelete
  10. ഹൌ... സൂപ്പര്‍ ആയിട്ടുണ്ട്. ആശംസകള്‍, അഭിനന്ദനങ്ങള്‍.

    ReplyDelete
  11. ഒരു കലാകാരൻ ഉള്ളിലുണ്ടന്ന് വ്യക്തം... വരികളിൽ രചനാ പാടവവും കാണുന്നുണ്ട്. കാ‍പട്യത്തിന്റെ മറ്റൊരു മുഖമാണ് പോസ്റ്റിൽ. ഉപദേശം അത് മാത്രമാണ് എന്റെ പക്കലും, കുട്ടീ ഇനിയും നന്നായെഴുതൂ (ഞാൻ വരാമെന്നേറ്റിരുന്നല്ലോ, വന്നു വായിച്ചു കമെന്റി)

    ReplyDelete
  12. ഇവിടെ സുഖിപ്പിക്കള്‍ ഇല്ല ചങ്ങായി.... എന്നാലും കൊള്ളാം എഴുത്ത്. തീം പുതിയതല്ല. തീം പലരും പല രീതിക്ക് പറഞ്ഞതാണ്‌....; http://gopumuralidharan.blogspot.co.uk/2012/06/blog-post.html (എന്‍റെ ബ്ലോഗ്‌ അല്ല കേട്ടോ) ഈ ലിങ്കില്‍ സെയിം തീം ഉണ്ട്... പക്ഷേ അവതരണം മനോഹരം ആയിരിക്കുന്നു... ഇനിയം വരാം... ആശംസകള്‍

    ReplyDelete
  13. കൊള്ളാം .. ഇഷ്ടായി

    ആശംസകള്‍

    ReplyDelete
  14. ഉപദേശങ്ങളുടെ പൊള്ളത്തരം പച്ചയായി തുറന്നു കാണിച്ചു... പണ്ടൊരു ടീച്ചര്‍ പറഞ്ഞത് ഓര്മ വന്നു. "മോനെ, കൂടെ പഠിക്കുന്നവന്റെ പെന്‍സില്‍ കക്കല്ലേ... അതൊക്കെ മോശമല്ലേ, തെറ്റല്ലേ... മോന് പെന്‍സില്‍ വേണമെങ്കില്‍ അച്ഛന്റെ ഓഫീസില്‍ നിന്നും കൊണ്ട് വന്നു തരില്ലേ!!"

    ReplyDelete